08:49pm 13 June 2026
NEWS
പരീക്ഷാനടത്തിപ്പിൽ കർശനമായ സുതാര്യത വേണം
13/06/2026  10:35 AM IST
പരീക്ഷാനടത്തിപ്പിൽ കർശനമായ സുതാര്യത വേണം

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ഏറെ ആശങ്ക ഉയർത്തുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയെ പിടിച്ചുകുലുക്കിയ രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സി.ബി.എസ്.ഇ മൂല്യനിർണ്ണയത്തിലെ ക്രമക്കേടുകളും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് ഈ രണ്ട് സംഭവങ്ങളും അനിശ്ചിതത്വത്തിലാഴ്ത്തിയിരിക്കുന്നത്.

ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനായി സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ എൻ.ടി.എ ഉദ്യോഗസ്ഥരും, അദ്ധ്യാപകരും, കോച്ചിംഗ് സെന്റർ ജീവനക്കാരുമടക്കം നിരവധിപ്പേർ അറസ്റ്റിലായിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളെ തുടർന്ന് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരീക്ഷ വീണ്ടും കമ്പ്യൂട്ടർ അധിഷ്ഠിത ((CBT) മാതൃകയിൽ ആകണമെന്ന വിദ്യാർത്ഥികളുടെയും ഹർജിക്കാരുടെയും ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.

ജൂൺ 21 നാണ് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്തുന്നത്. പരീക്ഷയുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് മൂല്യനിർണ്ണയത്തിനായി സി.ബി.എസ്.ഇ ആദ്യമായി നടപ്പാക്കിയ ഡിജിറ്റൽ ഉത്തരക്കടലാസ് പരിശോധന സംവിധാനം വലിയ പാളിച്ചകൾക്കാണ് ഇടയാക്കിയത്. മികച്ച മാർക്ക് പ്രതീക്ഷിച്ചിരുന്ന പല സമർത്ഥരായ വിദ്യാർത്ഥികൾക്കും, വളരെ കുറഞ്ഞ മാർക്ക് ലഭിക്കുകയോ തോൽക്കുകയോ ചെയ്ത അവസ്ഥയുണ്ടായി. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവ്യക്തവും പേജുകൾ നഷ്ടപ്പെട്ടതോ മാറിയതോ ആയ കോപ്പികളാണ് ലഭിച്ചത്.

ലോകത്ത് ഏറ്റവും അധികം വിദ്യാർത്ഥികളുള്ള ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം നേരിടുന്ന വലിയ പ്രതിസന്ധികളും വെല്ലുവിളികളും ലോകത്തിന് മുമ്പിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ കഠിനാദ്ധ്വാനത്തെയാണ് പരീക്ഷാ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിൽ ക്രമക്കേടിനും അഴിമതിക്കും ഇറങ്ങിത്തിരിച്ചവർ അട്ടിമറിച്ചത്.

വിദ്യാഭ്യാസമേഖലയിലെ ഈ ഘടനാപരമായ വീഴ്ചകൾ പരിഹരിക്കുന്നതിനായി പരീക്ഷാ നടത്തിപ്പിൽ കർശന സുതാര്യത കൊണ്ടുവരികയും, വിദ്യാർത്ഥികളെ മാനസികമായി പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള സംഭവവികാസങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സമൂലമായ അഴിച്ചുപണികൾ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.